Call Us : +91 483 280 7000

Emergency Helpline : +91 96560 00611

എല്ലാറ്റിനും അതിന്റെതായ സമയമുണ്ട് - ഒരു ഹൃദയക്കുറിപ്പ്

21-01-2021

"എല്ലാറ്റിനും അതിന്റെതായ സമയമുണ്ട് ""- ഒരു ഹൃദയക്കുറിപ്പ് സുഹൃത്തേ നിങ്ങളുടെ ബ്ലഡ് ടെസ്റ്റിൽ ഹാർട്ട് അറ്റാക്കിന്റെ ട്രോപോണിൻ എന്ന ടെസ്റ്റ് പോസിറ്റീവ് ആണ് ; എക്കോയിലും അറ്റാക്ക് വന്നു ഹെർട്ടിന്റെ പമ്പിങ്‌ കുറഞ്ഞു തുടങ്ങിയ മാറ്റങ്ങൾ കാണുന്നുണ്ട് "".. ""സാറേ ,ECG യിൽ ഒരു കുഴപ്പവുമില്ലെന്നാണല്ലോ പറഞ്ഞത് ?"" ""അതെ , ECG യിൽ 50 ശതമാനം ആളുകളിലെ മാറ്റങ്ങൾ കാണാറുള്ളു .അതുകൊണ്ടല്ലേ മറ്റു ടെസ്റ്റുകളെ ആശ്രയിക്കേണ്ടി വരുന്നത് "" ""പക്ഷെ എനിക്കൊരു ബുദ്ധിമുട്ടുമില്ലല്ലോ !!"" ""ഒരു ബുദ്ധിമുട്ടുമില്ലാതെ പിന്നെയെന്തിനാ സുഹൃത്തു ഹോസ്പിറ്റലിൽ വന്നത് ?"" ""അല്ലാ ,അത് ഇന്നലെ വൈകീട്ട് പൊറോട്ട കഴിച്ചു .ഇന്ന് രാവിലെ നെഞ്ചിനു വല്ലാത്ത എരിച്ചിൽ .ഗ്യാസിന്റെ പ്രശ്നം എനിക്ക് മുമ്പേ ഉണ്ട് "". ""ഗ്യാസാണെങ്കിൽ പിന്നെന്തിനാ കാർഡിയോളജിയിൽ വന്നത് ?"" ""അല്ല , എരിച്ചിൽ വല്ലാണ്ട് കൂടിയിരുന്നു രാവിലെ .ഒപ്പം ശരീരം വിയർത്തു ,ചെറുതായി ശ്വാസം തിങ്ങലൂം വന്നു .അത് കൊണ്ട് കാണിക്കാമെന്നു വെച്ചു .ടെസ്റ്റ് ചെയ്തു safe ആവുന്നതല്ലേ നല്ലതു "". ""ടെസ്റ്റ് ചെയ്തപ്പോൾ ഗ്യാസല്ല ,ഹാർട്ട് അറ്റാക്ക് ആണെന്നാണ് സ്ഥിരീകരിച്ചത് .അത് കൊണ്ട് ഇനി ചികിൽസിച്ചാലല്ലേ safe ആവൂ "".. ""ഒരു ഗ്യാസിന്റെ മരുന്ന് സർ എനിക്ക് എഴുതി താ .അത് കൊണ്ട് മാറുന്ന പ്രശ്നമേ ഉള്ളു എനിക്ക് ."" ""ഹാർട്ട് അറ്റാക്കിനു സമയവും അവസരവും കിട്ടുകയെന്നാണ് ഭാഗ്യം .പണവും പ്രശസ്തിയും അധികാരവും ഒന്നുമുണ്ടായിട്ടും കാര്യമില്ല .ഹാർട്ട് നിന്ന് പോവുന്നതിനു മുമ്പേ ചികിൽസിക്കാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ .എന്റെ കാര്യവും അങ്ങിനെ തന്നെ .സാമ്പത്തിക ബുദ്ധിമുട്ടാണെങ്കിൽ അതിനും ഞാൻ വഴി കണ്ടെത്താം .കൂടെയുള്ളവരുടെ വാക്ക് നിങ്ങൾ കേൾക്കാത്തത് കൊണ്ടാണ് എനിക്ക് നിങ്ങളോടു നേരിട്ട് ഇത് പറയേണ്ടി വരുന്നത് ."" ""അടുത്ത മാസം മകളുടെ കല്യാണമാണ് .ഞാൻ അത് കഴിഞ്ഞു വരാം .അത് വരേയ്ക്കും സർ ഗുളിക താ "".. ""മേജർ അറ്റാക്ക് വന്നാൽ സമയം വൈകുംതോറും ഹാർട്ട് muscles നശിച്ചു കൊണ്ടേയിരിക്കും .സെക്കൻഡുകൾ പോലും വിലപ്പെട്ടതാണ് .നമ്മൾ സംസാരിക്കുന്ന സമയം പോലും നിങ്ങൾക്കു വിലപ്പെട്ടതാണ് ""..... ---- ഒരു പാട് നേരം ഞാനും കൂടെയുള്ളവരും ഉപദേശിച്ചിട്ടും കാര്യമുണ്ടായില്ല .അവസാനം 'not willing ' എഴുതിച്ചേർത്തു എമർജൻസി മരുന്നും മറ്റുള്ളവയും കൊടുത്തു . വൈകുന്നേരമായപ്പോൾ ഒപിയിൽ ഫോൺ ,എമർജൻസി യിൽ നിന്നും . ""സാർ രാവിലെ കണ്ട patient cardiac arrest ആയി എത്തിയിരിക്കുന്നു .CPR കൊടുത്തു കൊണ്ടിരിക്കുകയാണ് .""..ഞാൻ ED യിലേക്കോടി . ആ സുഹൃത്തു തന്നെ .കഷ്ടം .ബന്ധുക്കൾ അടുത്ത് വന്നു . "" ഉച്ചക്കും എരിച്ചിലുണ്ടായിരുന്നു .വല്ലാത്ത വാശിയാണ് അച്ഛന് .വൈകുന്നേരമായപ്പോൾ ശ്വാസം തിങ്ങൽ കൂടി .പെട്ടെന്ന് ഹോസ്പിറ്റലിൽ പോവണമെന്ന് പറഞ്ഞു .കാറിൽ വെച്ച് ഡോക്ടർ പറഞ്ഞ കാര്യങ്ങളൊക്കെ പറഞ്ഞു . എന്റെ മോളുടെ കല്യാണം കൂടാൻ എനിക്ക് സാധിപ്പിക്കണമെന്നു ഡോക്ടറോട് പറയാനും പറഞ്ഞു; പക്ഷെ "".... തീവ്ര ശ്രമങ്ങൾക്കൊടുവിൽ ECG മൗനം പൂണ്ടു . എരിച്ചിലായും വേദനയായും ശ്വാസം തിങ്ങലായും പല വിധത്തിൽ കരഞ്ഞു കരഞ്ഞു കേണപേക്ഷിച്ച ഹൃദയം അവസാനം തളർന്നുറങ്ങിയപ്പോൾ ,പുറത്തു കണ്ണ് നീരുമായുള്ള കരച്ചിൽ ഉയർന്നിരുന്നു . രക്ഷിക്കാമായിരുന്ന ജീവൻ നഷ്ടപ്പെടുന്നതിനേക്കാൾ ഒരു ഡോക്ടർക്ക് വേറെയെന്തുണ്ട് വിഷമം .............. പ്രാർത്ഥനയോടെ . "

നമ്മുടെ ഹൃദയം പൂവുപോലെയാണ്. അത് വാടാതെ പുഞ്ചിരി തുടരട്ടെ

"നിങ്ങളുടെ മനസ്സ് അഗ്നി സ്ഫോടനങ്ങൾ സൃഷ്ടിക്കുന്നവയായിരിക്കാം .പക്ഷെ നിങ്ങളുടെ ഹൃദയം പൂവ് പോലെ യാണെന്ന് തിരിച്ചറിയുക .അതിനെ വാടാതെ സൂക്ഷിക്കുക .നിങ്ങളുടെ മനസ്സിന്റെ തീ അതിനെ കരിയിക്കാതിരിക്കട്ടെ .'.. കോവിദഃ മൂലമുള്ള മരണം ലോകത്തു കാൽ ലക്ഷം കവിയുമെന്നു ലോകാര്യോഗ സംഘടന മുന്നറിയിപ്പ് നല്കുന്നു .എന്നാൽ കോവിദഃ കാലത്തും ഏതു കാലത്തും ലോകത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ് .ഹാർട്ട് അറ്റാക്ക് ഉം റോഡ് ആക്‌സിഡന്റുകളും .രണ്ടിനും ചില സമാനതകളുണ്ട് . രണ്ടിനും പ്രായം ഒരു പ്രശ്നമേയില്ല .ഏതു പ്രായക്കാരിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം .രണ്ടിനും സമയം ഒരു പ്രധാന ഘടകമാണ് . സെക്കൻഡുകൾ പാഴാക്കാതെ ചികിത്സ ലഭിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ് . രണ്ടും മുന്കരുതലെടുത്താൽ ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതുമാണ് .ഒരു ആക്‌സിഡന്റിൽ എന്ത് സംഭവിക്കുമെന്ന് ഇടിയുടെ ആഘാതം , വാഹനത്തിന്റെ ശക്തി സ്പീഡ് സെക്യൂരിറ്റി എന്നിവയെ ആശ്രയിച്ചിരിക്കുന്നു . ബ്ലോക്കിന്റെ ഗൗരവം ഹാർട്ട് ഇന്റെ ശക്തി ,ശരീരത്തിന്റെ പ്രതിരോധ ശക്തി ഇവയെ ആശ്രയിച്ചാണ് ഹാർട്ട് അറ്റാക്ക വന്ന രോഗിയുടെ ആരോഗ്യവും ആയുസ്സും . ഹാർട്ട് അറ്റക്ക് വരുന്നതിനു മുമ്പേ ഗൗരവമേറിയ ബ്ലോക്കുകൾ കണ്ടെത്തി ചികിൽസിച്ചാൽ വലിയൊരു ആക്‌സിഡന്റിൽ നിന്ന് രക്ഷെപ്പെടാമെന്നർത്ഥം . ബ്ലോക്കുകൽ എന്ന് കേൾക്കുമ്പോഴേ ആൻജിയോപ്ലാസ്റ്റിയും ബൈപാസ്സുമാണ് എല്ലാവരും ചിന്തിക്കുക .എന്നാൽ ഭൂരിപക്ഷ ബ്ലോക്കുകളെയും പ്രത്യേക മരുന്നിലൂടെയും വ്യായാമത്തിലൂടെയും ബ്ലോക്കുകൾ വർധിക്കാതെ ചികില്സിക്കാനാവും .പ്രധാന രക്തക്കുഴലുകളിൽ 80 ശതമാനത്തിനു മേലെ വരുന്ന ബ്ലോക്കുകളെ ആൻജിയോപ്ലാസ്റ്റി ആവശ്യമായി വരുന്നുള്ളു . ബൈപാസ്സെന്നു കേൾക്കുമ്പോഴേ പലർക്കും പേടിയാണ് .പല ആളുകളും സർജറി പേടിച്ചു എത്തിപ്പെടുന്നത് അശാസ്ത്രീയമായ ചികിത്സകളിലായിരിക്കും .പക്ഷെ അവസാനം heart വീക്ക് ആയി ഗുരുതരാവസ്ഥയിൽ എത്തുന്നവരാണ് ഏറെയും . കാൽസ്യം പൊടിക്കുന്ന റോട്ടാ അബ്‌ളാറ്റർ ,ഇൻട്രാ വസ്ക്യൂലർ ലിതോട്രൈപ്‌സി , പൂർണമായി അടഞ്ഞ കഠിന ബ്ലോക്കുകളെ തുറക്കാനുള്ള cHIP CTO സംവിധാനങ്ങൾ വഴി പണ്ട് ബൈപാസ് വേണ്ടിയിരുന്ന പല രോഗികൾക്കും സർജറി ഇല്ലാതെ ബ്ലോക്കുകൾ മാറ്റുന്ന അവസ്ഥയിലോട്ടു ശാസ്ത്രം വളർന്നു കഴിഞ്ഞു .IVUS ,OCT എന്നീ സ്കാനിങ്ങുകളുടെ സഹായത്തോടെ വളരെ കൃത്യതയും വിജയവും കൈ വരിക്കാനുമാവും . ലക്ഷണങ്ങളെ അവഗണിക്കാതെ സമയം വൈകാതെ ചികില്സിക്കുക എന്നതാണ് പ്രധാനം . എക്കോ,TMT എന്നിവ കൊണ്ട് ഭൂരിപക്ഷ ബ്ലോക്കുകളെയും മുൻകൂട്ടി കണ്ടെത്തി ചികില്സിക്കാനാവും .പാരമ്പര്യ ഹാർട്ട് അറ്റാക്ക് ഉള്ളവർ (സഹോദരർ ,മാതാപിതാക്കൾ ,അവരുടെ സഹോദരർ ;അറുപതു വയസ്സിനു താഴെ ഹാർട്ട് അറ്റാക്കോ പൊടുന്നനെയുള്ള മരണങ്ങളോ ഉണ്ടെങ്കിൽ ), പ്രമേഹം പ്രഷർ രോഗമുള്ളവർ ,പുകവലിക്കാർ ഇവർക്കെല്ലാം ഇടിയ്ക്കിടെയുള്ള heart ചെക്ക് up ഉകൾ അറ്റാക്കിൽ നിന്ന് തടയാൻ സഹായിക്കും . നമ്മുടെ ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളും ;ചിന്തകൾ ,ജോലികൾ ,ഭക്ഷണം ,ഉറക്കം ; ഇവയെല്ലാം ഹാർട്ട് ഇന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നു എന്ന് തിരിച്ചറിയുക .അത് വഴി നമ്മുടെ ജീവനും , നമ്മെ ആശ്രയിക്കുന്നവരുടെ ജീവിതവും . നമ്മുടെ ഹൃദയം പൂവുപോലെയാണ് .അത് വാടാതെ പുഞ്ചിരി തുടരട്ടെ ."

Popular Article

വന്ധ്യത

"ദമ്പതികൾ ഒരു വർഷമെങ്കിലും തുടർച്ചയായി ഗർഭനിരോധന മാർഗങ്ങൾ ഇല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടും ഗർഭിണി ആവാത്ത അവസ്ഥയെയാണ് വന്ധ്യത എന്നു നിർവചിക്കുന്നത്. വന്ധ്യതയുമായി ബന്ധപ്പെട്ട മൂന്നിലൊന്ന് കേസുകളിൽ പുരുഷസഹജമായ കാരണങ്ങൾകൊണ്ടും മൂന്നിലൊന്ന് കേസുകൾ സ്ത്രീസഹജമായ കാരണങ്ങൾകൊണ്ടും, ശേഷിക്കുന്നവ പുരുഷന്റെയും സ്ത്രീയുടെയും, അല്ലെങ്കിൽ കാരണങ്ങൾ കണ്ടെത്താൻ ആവാത്ത(unexplained ) അവസ്ഥകൾ മൂലമോ ആകുന്നു. വന്ധ്യതയുടെ ദുഃഖം അനുഭവിക്കുന്ന ദമ്പതികൾക്ക്, മാതാപിതാക്കൾ ആകാനുള്ള സാധ്യതകളെ ഗണ്യമായി മെച്ചപ്പെടുത്തുന്ന സുരക്ഷിതവും ഫലപ്രദവുമായ നിരവധി ചികിത്സാമാർഗങ്ങൾ ഇന്ന് ലഭ്യമാണ്. ചികിത്സ നടത്തുന്നതിനായി ദമ്പതികൾ ഒരുമിച്ചാണ് ഡോക്ടറുടെ അടുത്ത് എത്തേണ്ടത്. ഭാര്യയെയും ഭർത്താവിനെയും ഒരുമിച്ചു കണ്ടു ആരോഗ്യസ്ഥിതി വിലയിരുത്തിയാലേ രോഗനിർണയം ശരിയായി നടത്താനാകൂ. പുരുഷസഹജമായ കാരണങ്ങൾ ആണെങ്കിലും ഗർഭിണിയാ വേണ്ടത് സ്ത്രീ ആയതുകൊണ്ട് ദമ്പതികൾ ഒരുമിച്ച് വേണം ചികിത്സയ്ക്ക് വരാൻ, എന്നാലേ ചികിത്സ ഫലപ്രദം ആവുകയുള്ളൂ. ഇതേ കാരണത്താൽ തന്നെ പ്രസവ സ്ത്രീ (obstetrics and. Gynecology)രോഗ വിഭാഗത്തിന്റെ പ്രത്യേക വിഭാഗമായ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം ആണ് ഇങ്ങനെയുള്ള ദമ്പതികൾക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ നൽകുന്നത്. ദമ്പതികൾക്ക് ഡോക്ടറുടെ ചികിത്സ ആവശ്യമായി വരുന്ന ഘട്ടങ്ങൾ: 1.ചെറുപ്പക്കാർ ആണെങ്കിലും ഒരു വർഷത്തിലേറെ ഒരുമിച്ച് താമസിച്ചിട്ടും ഗർഭം ധരിക്കുന്നില്ല 2. 35 വയസ്സിൽ കൂടുതലുള്ള സ്ത്രീകൾ ആറുമാസത്തിലധികം ഗർഭധാരണത്തിന് ശ്രമിച്ചിട്ട് സാധിക്കാതെ വരുമ്പോൾ. 3. 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾ ഗർഭധാരണത്തിന് ശ്രമിക്കുമ്പോൾ 4. ക്രമംതെറ്റിയതോ അസഹനീയമായ വേദനയോടു കൂടിയതുമായ ആർത്തവം ഉള്ളവർ 5. ആർത്തവം മാസങ്ങളോളം വരാതിരിക്കുന്നവർ 6.എൻഡോമെട്രിയോസിസ് അഥവാ പെൽവി ഇൻഫ്ളമേറ്ററി രോഗം കണ്ടെത്തിയിട്ടുള്ളവർ 7. ഒന്നിലധികം തവണ ഗർഭം അലസിയാൽ ഉള്ളവർ 8.തീർത്തും വിട്ടുമാറാതെ ജനനേന്ദ്രിയങ്ങൾ ബാധിക്കുന്ന രോഗാണുബാധകൾ അനുഭവിക്കുന്ന സ്ത്രീകൾ 9.പുരുഷന്മാ രിൽ ശുക്ലത്തിൽ ബീജത്തിന് എണ്ണം,ചലനശേഷി അളവ് എന്നിവ കുറഞ്ഞവർ 10. ടെസ്റ്റിക്കുലർ അല്ലെങ്കിൽ പോസ്ട്രേറ്റ് പ്രശ്നങ്ങളുള്ളവർ 11. ചെറിയ വൃഷണങ്ങൾ ഓ വൃഷ്ണത്തിൽ വീക്ക മോ ഉള്ളവർ. 12. കുടുംബത്തിൽ തന്നെ പ്രശ്നം അനുഭവിക്കുന്ന ആളുകൾ ഉള്ളവർ 13.ഫലപ്രദമായി സംഭോഗത്തിൽ ഏർപ്പെടാൻ ബുദ്ധിമുട്ടുള്ളവർ 14. കുഞ്ഞുങ്ങൾ ആകുന്നില്ലല്ലോ എന്നോർത്ത് മനോവേദന അനുഭവിക്കുന്നവർ 15.ക്യാൻസർ പോലുള്ള ചികിത്സയ്ക്ക് വിധേയരായിട്ടുള്ളവർ. സ്ത്രീ വന്ധ്യത കാരണങ്ങൾ പി സി ഒ ഡി അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അണ്ഡോല്പാദതെ ബാധിക്കുന്ന ഒരു ഹോർമോൺ തകരാർ ആണ്.ഹൈപ്പർ തൈറോയിഡിസം ഹൈപ്പോ തൈറോയിഡിസം എന്ന ഹോർമോൺ തകരാറുകൾ ആർത്തവ ചക്രത്തെ ബാധിക്കുകയോ വന്ധ്യതയ്ക്ക് കാരണമാവുകയും ചെയാം. ഗർഭാശയത്തിലെ പോളിപ്പുകൾ, ഗർഭാശയ ത്തിന്റെ ആകൃതി , ഗർഭപാത്ര നാളി കളിൽ ഉണ്ടാകുന്ന ചെറിയ മുഴകൾ ബീജസങ്കലനം നടക്കുന്നതിനും ഭ്രൂണം ഗർഭപാത്രത്തിൽ എത്തുന്നത് തടയുന്നതിനും കാരണമാകുന്നു. അണ്ഡവാഹിനിക്കുഴലിൽ ഉണ്ടാകുന്ന തകരാറുകളും ബ്ലോക്കുകളും ഗർഭധാരണം തടയുന്നു. എൻഡോമെട്രിയോസിസ് പെൽവിക് adhesionനുകൾ, പെൽവിക് അണുബാധ, സർജറി ഇവയെല്ലാം സ്ത്രീകളിൽ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ചില സ്ത്രീകളിൽ 40 വയസ്സിനു മുൻപേ അണ്ഡാശയങ്ങൾ പ്രവർത്തനരഹിതം ആവുകയും ആർത്തവവിരാമവും ഉണ്ടാവുകയും ചെയ്യുന്നു ഇതും വന്ധ്യതയുടെ ഒരു കാരണമാണ്. കൂടാതെ ക്യാൻസർ രോഗവും അതിന്റെ ചികിത്സയും പ്രതുല്പാദന ത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്. പുരുഷ വന്ധ്യത കാരണങ്ങൾ വൃഷണത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ജനിതക വൈകല്യങ്ങൾ, പ്രമേഹം ഗൊണോറിയ, അല്ലെങ്കിൽ എച്ച്ഐവി പോലുള്ള രോഗങ്ങൾ , എന്നിവ ബീജത്തിൻറെ ഉൽപാദനത്തെയും ഗുണനിലവാരത്തെയും ബാധിക്കുന്നു. സ്ഖലനത്തിനു ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വന്ധ്യതയ്ക്ക് കാരണമാകാം. സിസ്റ്റിക് ഫൈബ്രോസിസ് പോലുള്ള ജനിതകരോഗങ്ങൾ ബിജു ഉൽപാദനത്തിനും ബീജം പുറത്തോട്ട് വരുന്നതിനും തടസ്സം ഉണ്ടാക്കാവുന്നതാണ്. പ്രത്യുല്പാദന അവയവങ്ങൾക്ക് ഉണ്ടാകുന്ന പരിക്ക്, രോഗാണുബാധ, ചില മരുന്നുകൾ അവൾ ദമ്പതികൾ തമ്മിലുള്ള മാനസികസംഘർഷം,എന്നിവ സ്ഖലനം ഇല്ലായ്മ, അകാല സ്ഖലനം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പുകവലി,മദ്യത്തിന്റെ ഉപയോഗം, അണുബാധ,ഉയർന്ന രക്തസമ്മർദ്ദം വിഷാദം എന്നിവയും ബീജം ഉല്പാദനത്തിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഇവയ്ക്കെല്ലാം പുറമേ കുട്ടികളില്ലാത്ത ദമ്പതികൾ അനുഭവിക്കുന്ന മാനസിക സംഘർഷം. വളരെ വലുതാണ്. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ അവർക്ക് ഏറെയാണ്. വന്ധ്യത ചികിത്സിച്ച് മാറ്റാൻ ആവുന്ന ഒരു രോഗാവസ്ഥയാണ് ആണ്. വന്ധ്യത അനുഭവിക്കുന്ന ദമ്പതികളുടെ കുടുംബാംഗങ്ങൾ അവരുടെ അവരുടെ വിഷമത്തൻറെ ആഴം മനസിലാക്കി അവർക്ക് മനോധൈര്യവും ശക്തിയും കൊടുക്കുകയാണ് വേണ്ടത്. ദമ്പതികൾ ഉചിതമായ സമയത്ത് തന്നെ ചികിത്സ തേടുകയാണെങ്കിൽ മാതാപിതാക്കൾ ആവുക എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുന്നു."

സ്‌ട്രോക്കും കൊറോണയും, വേണം വലിയ കരുതല്‍

"പതിവിൽ നിന്ന് വിഭിന്നമായി ഗുരുതരമായ ഒരു പ്രതിസന്ധിയുടെ മുൻപിൽ ലോകമാകെ പകച്ച് നിൽക്കുന്ന സാഹചര്യത്തിലാണ് ഈ വർഷത്തെ സ്ട്രോക്ക് ദിനം കടന്ന് വരുന്നത്. കോവിഡ് രോഗം സ്ട്രോക്കിന് കാരണമാകുമോ? സ്ട്രോക്ക് ബാധിതരെ കോവിഡ് എളുപ്പത്തിൽ അക്രമിക്കാനുള്ള സാധ്യതയുണ്ടോ എന്നെല്ലാമുള്ള ആശങ്കകൾ വ്യാപകമാണ്. ഈ വിഷയങ്ങളെ അധികരിച്ച് ലോകമാകമാനം നിരവധിയായ ചർച്ചകളും ഗവേഷണങ്ങളും നിലവിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്. എങ്കിലും പൊതുവായ ചില കാര്യങ്ങളിൽ വ്യക്തമായ നിഗമനങ്ങൾ വന്ന് കഴിഞ്ഞിരിക്കുന്നു. ഇത്തരം വിഷയങ്ങളെക്കുറിച്ച് കൃത്യമായ ധാരണഉണ്ടായിരിക്കുന്നത് ഈ സവിശേഷമായ സാഹചര്യത്തിൽ കൂടുതൽ ഗുണം ചെയ്യും. കൊറോണ വൈറസ് ബ്രെയിൻ സ്ട്രോക്കിന് കാരണമാകുമോ? അതെ, കോവിഡ് രോഗികളിൽ നടത്തിയ വിവിധ പഠനങ്ങളിൽ ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. 0.9 മുതൽ 23 ശതമാനം വരെയാണ് കോവിഡ് ബാധിച്ചവരിൽ സ്ട്രോക്ക് വരാനുള്ള സാധ്യത കണക്കാക്കുന്നത്. രണ്ട് തരത്തിലാണ് ഇത് കാണപ്പെടുന്നത്. ഒന്നാമതായി തുടക്കത്തിൽ കോവിഡ് 19 ന്റെ ലക്ഷണങ്ങൾ കാണിക്കുകയും പിന്നീട് സ്ട്രോക്കിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നതാണ്. രണ്ടാമത്തെ ലക്ഷണത്തിൽ ആദ്യം ആദ്യം സ്ട്രോക്ക് സംഭവിക്കുകയും പിന്നീട് പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയുമാണ് ചെയ്യുന്നത്. രണ്ട് സൗഹചര്യങ്ങളും ഗൗരവതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നവയാണ്. ഏത് തരം സ്ട്രോക്ക് ആണ് പ്രധാനമായും കോവിഡ് 19 രോഗികളിൽ കാണപ്പെടുന്നത്? മൂന്ന് തരത്തിലുള്ള സ്ട്രോക്കുകളാണ് പ്രധാനമായും കോവിഡ് 19 രോഗബാധിതരിൽ കാണപ്പെടുന്നത്. ഇതിൽ ആദ്യത്തേത് ഹെമോറേജിക് സ്ട്രോക്ക് ആണ്. ഇതിൽ തലച്ചോറിലെ രക്തക്കുഴലുകളിൽ വിള്ളലുകൾ സംഭവിച്ച് രക്തം തലച്ചോറിൽ ശേഖരിക്കപ്പെടുകയും സ്ട്രോക്കാണ് മൂന്നാമതായി പൊതുവെ കാണപ്പെടുന്നത്. ഞരമ്പുകളിൽ തടസ്സമുണ്ടാകുന്നതിനെ തുടർന്ന് തലച്ചോറിന് തകരാർ സംഭവിച്ചുണ്ടാകുന്നതാണ് ഇത്. കോവിഡ് 19 രോഗികളിൽ സ്ട്രോക്കിനുള്ള കാരണം എന്തെല്ലാമാണ്? കോവിഡ് 19 ബാധിതരിൽ രക്തം കട്ടപിടിക്കാനോ, പശിമയുള്ളതാകാനോ സാധ്യതയുള്ള പ്രോത്രോംബോട്ടിക് (Prothrombotic) എന്ന അവസ്ഥ കാണപ്പെടുന്നുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടാനിടയാക്കും. തന്മൂലം തലച്ചോറിന്റെ ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്തേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും സ്ട്രോക്കിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. കോവിഡ് ബാധിതരിലെ സ്ട്രോക്കും സാധാരണ സ്ട്രോക്കും തമ്മിൽ വ്യത്യാസമുണ്ടോ? സാധാരണ സ്ട്രോക്കിൽ രോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങളിൽ പ്രധാനപ്പെട്ടത് പ്രമേഹം, രക്താതിസമ്മർദ്ദം, പുകവലി, ഉയർന്ന കൊളസ്ട്രോൾ, ജീവിതശൈലിയിലെ പ്രത്യേകതകൾ മുതലായവയാണ്. എന്നാൽ ഈ രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരിലും കോവിഡ് 19 ന്റെ ഭാഗമായി സ്ട്രോക്ക് സംഭവിക്കുന്നു എന്നതാണ് പ്രത്യേകത. നേരത്തെയുണ്ടായിരുന്ന ഇൻഫ്ളുവൻസ, ഹെർപ്സ് മുതലായ പകർച്ച വ്യാധികളുടെ കാലഘട്ടത്തിലും ഈ സവിശേഷമായ സാഹചര്യമുണ്ടായിരുന്നു. മുതിർന്നവരിൽ മാത്രമാണോ കോവിഡ് 19 മൂലമുള്ള സ്ട്രോക്ക് ഉണ്ടാവുക? കണക്കുകൾ പ്രകാരം കൂടുതലായി കാണപ്പെടുന്നത് മുതിർന്നവരിലാണെങ്കിലും നാൽപ്പത് വയസ്സിന് താഴെ പ്രായമുള്ളവരിലും കോവിഡ് 19 മൂലമുള്ള സ്ട്രോക്ക് രേഖ്പപെടുത്തപ്പെട്ടിട്ടുണ്ട്. അതായത് സ്ട്രോക്കിന്റെ ഭീഷണിയിൽ നിന്നും സുരക്ഷിതരായിരിക്കുവാൻ പ്രായം മാനദണ്ഡമല്ല എന്നർത്ഥം മാത്രമല്ല യുവാക്കളിലുണ്ടാകുന്ന സ്ട്രോക്ക് കൂടുതൽ മാരകമായിത്തീരുന്നതായും ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. സ്ട്രോക്ക് ഉണ്ടോ എന്ന് എങ്ങിനെ തിരിച്ചറിയാം? സാധാരണയുള്ള സ്ട്രോക്ക് ലക്ഷണങ്ങൾ തന്നെയാണ് ഇവിടെയും പരിഗണിക്കപ്പെടുന്നത്. ഇംഗ്ലീഷിലെ FAST എന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണിത്. F (Face-മുഖത്തിനുള്ള ബലഹീനത), A (Arm- കൈകൾക്കുള്ള ബലക്ഷയം), S (Speech Problem-സംസാരത്തിലെ ബുദ്ധിമുട്ടുകൾ), T (Time-സമയത്തിന്റെ പ്രാധാന്യം) എന്നിവയാണിത്. ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ആദ്യത്തെ ഒരു മണിക്കൂർ നിർണ്ണായകമാണ്. ആദ്യ 4 മണിക്കൂറിനുള്ളിൽ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയിൽ നിർബന്ധമായും എത്തിക്കണം. കോവിഡ് 19 രോഗികൾ എന്തുകൊണ്ട് കൂടുതൽ ജാഗരൂഗരായിരിക്കണം? വളരെ പ്രതിസന്ധി നിറഞ്ഞ സാഹചര്യമാണ് മുന്നിലുള്ളത്. കൊറോണ ബാധിതരുടെ എണ്ണം നിയന്ത്രണമില്ലാതെ വർദ്ധിച്ച് വരുന്നു. പല ആശുപത്രികളും കോവിഡ് സെന്ററുകളായതിനാൽ സ്ട്രോക്ക് പോലുള്ള ചികിത്സാ ലഭ്യതയ്ക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. ഐ. സി. യു കളും മറ്റും നിറഞ്ഞിരിക്കുന്ന സാഹചര്യവും ശ്രദ്ധേയമാണ്. ഈ അവസ്ഥയിൽ വേഗത്തിലുള്ള ചികിത്സാ ലഭ്യത ഉറപ്പ് വരുത്തൽ സാധാരണ സാഹചര്യത്തെ അപേക്ഷിച്ച് ദുഷ്കരമാണ് അതുകൊണ്ട് തന്നെ അതിവേഗത്തിൽ ചികിത്സ ലഭ്യമാകണമെങ്കിൽ രോഗത്തിന്റെ സാന്നിദ്ധ്യം വേഗം തന്നെ തിരിച്ചറിയാണം. സ്ട്രോക്കിലേക്ക് നയിക്കുന്ന പൊതുവായ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവർക്കും സ്ട്രോക്ക് ബാധിക്കാനിടയുള്ളതിനാൽ ഇത്തരക്കാർ കോവിഡ് കാലത്ത് സ്ട്രോക്കിനെ കുറിച് ബോധവാന്മാരായിരിക്കേണ്ടത് നിർബന്ധമാണ്. നിലവിൽ സ്ട്രോക്ക് ബാധിതരായ രോഗികൾ കോവിഡ് 19 കാലത്ത് മറ്റൊരു സ്ട്രോക്ക് ബാധിക്കാതിരിക്കാൻ എന്ത് ചെയ്യണം? രക്താതിസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ എന്നിവ ഉൾപ്പെടെ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ നിർബന്ധമായും തുടർന്ന് കഴിക്കുക. പതിവായ ചെക്കപ്പുകൾ കൃത്യമായി പിൻതുടരുക. ഫിസിയോതെറാപ്പി, വ്യായാമം എന്നിവയിൽ മുടക്കം വരുത്തരുത്. ഇതിന് പുറമെ കോവിഡ് പ്രതിരോധത്തിനുള്ള സ്വാഭാവികമായ മുൻകരുതലുകളായ മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം മുതലായവ നിർബന്ധമായും പിൻതുടരണം. "

ഒക്ടോബർ 17 - ലോക ട്രോമാ ദിനം

"ഒക്ടോബർ 17 - ലോക ട്രോമാ ദിനം അങ്ങിനെ വെറുതെ കടന്നുപോകേണ്ട ഒരു ദിനമല്ല. ഒരുപാട് പ്രത്യേകതകൾ നിറഞ്ഞൊരു ദിനമാണ്. മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന ഒരുപാട് വാർത്തകളാണ് നിത്യേന നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. . ആക്സിഡന്റുകളെ കുറിച്ചോ അതുമൂലമുണ്ടാകുന്ന മരണങ്ങളെ കുറിച്ചോ കേൾക്കാത്ത ദിവസങ്ങൾ ഉണ്ടായിരിക്കില്ല. നമ്മൾ ഈ വിഷയത്തെ ഗൗരവമായി ചിന്തിക്കേണ്ട ദിവസമാണ് ഇന്ന്. ഒരുവർഷം പത്ത് ലക്ഷം ആളുകൾ മരണപ്പെടുകയും രണ്ട് കോടിയിലധികം രോഗികളെ സൃഷ്ടിക്കുകയും ചെയ്യുന്ന മഹാരോഗമാണ് ട്രോമ. ഇതിന്റെ സിംഹഭാഗവും റോഡ് അപകടങ്ങൾ മൂലവും ബാക്കിയുള്ളവ വീഴ്ചകൾ, ആക്രമണങ്ങൾ, സ്പോർട്സ്, യുദ്ധങ്ങൾ മൂലവും ആണ്. ഇത്രയും മാരകമായ ഒരു വിപത്തിനെ പൂർണ്ണമായും തുടച്ചുമാറ്റുവാൻ സാധ്യമല്ലെങ്കിലും തന്മൂലമുണ്ടാകുന്ന മരണവും മാരക രോഗങ്ങളും ഒരു നല്ല ശതമാനം കുറക്കുവാൻ നമുക്ക് സാധിക്കും. അതിനായുള്ള ഒരു അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. ജാഗ്രത പുലർത്തിയാൽ ഒഴിവാക്കാൻ കഴിയുന്നതാണ് ഒട്ടുമിക്ക അപകടങ്ങളും. -ശ്രദ്ധയോടെ വാഹനം ഓടിക്കുക, -ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റും മറ്റുള്ളവ ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റും ധരിക്കുക, -അമിതവേഗം, മൊബൈൽ ഫോൺ ഉപയോഗം എന്നിവ ഒഴിവാക്കുക, -മദ്യം മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വാഹനം ഓടിക്കാതിരിക്കുക, -കാൽനടയാത്രികർ ബാരിക്കേഡുകളിലൂടെ റോഡ് മുറിച്ചുകടക്കുക, -റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കുക അത്യാഹിതങ്ങളിൽ നമുക്കെന്തെല്ലാം ചെയ്യാനാകും..? -ശരിയായ പ്രഥമശുശ്രൂഷ -രോഗികളെ പരിചരിക്കുന്നവർക്കുള്ള കൃത്യവും നൂതനവും ലളിതവുമായ പരിശീലനം - ആശുപതിയിലെത്തിക്കാൻ വേണ്ട ആംബുലൻസ്/ വാഹനങ്ങൾ - എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ആശുപത്രി ഇവയെല്ലാം പ്രാവർത്തികമാക്കണമെങ്കിൽ നാം ഓരോരുത്തരും അപകടത്തിൽ പെടുന്നവരെ എങ്ങനെ രക്ഷിക്കണം എന്നതിനെ കുറിച്ച് പൊതുവായ ഒരു അറിവ് നേടുകയും കാഴ്ച്ചക്കാരനായി മാറിനിൽക്കാതെ അത്യാവശ്യ ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനുള്ള 'ബേസിക് ലൈഫ് സപ്പോർട്ട് സ്കില്സ്' പ്രയോഗിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഈ ട്രോമ ദിനത്തിൽ ആരോഗ്യ പ്രവർത്തകനായ ഞാൻ നിങ്ങളിലെത്തിക്കാൻ ആഗ്രഹിക്കുന്ന സന്ദേശം ഇതാണ് 'നഷ്ടമാകുന്ന ഓരോ ജീവനുകളും ഒരു പക്ഷെ നമ്മുടെ കഴിവ് ഉപയോഗിച്ച് രക്ഷപ്പെടുത്താൻ സാധിച്ചെക്കും' അതിനായ് നമുക്ക് പ്രതിജ്ഞ ചെയ്യാം ഓരോ ജീവനും വിലയുള്ളതാണ്."

സന്ധിവാതം: ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക , തുടക്കത്തിലെ ചികിത്സിക്കുക

"കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ആര്‍ക്കും എപ്പോഴും ഏത് പ്രായത്തിലും ബാധിക്കാവുന്ന അസുഖം കൂടിയാണിത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ആര്‍ക്കും എപ്പോഴും ഏത് പ്രായത്തിലും ബാധിക്കാവുന്ന അസുഖം കൂടിയാണിത്.

കുട്ടികളിലെ ശ്രദ്ധക്കുറവും അമിത ചുറുചുറുക്കും മാനസിക രോഗമാണോ ?

കുട്ടികളിലെ ശ്രദ്ധക്കുറവും അമിത ചുറുചുറുക്കും മാനസിക രോഗമാണോ? എന്റെ കുഞ്ഞ് എങ്ങിനെയെങ്കിലും ചുറുചുറുക്കുള്ളവനായിക്കാണണം എന്നാഗ്രഹിക്കാത്ത രക്ഷിതാക്കളുണ്ടോ? ഇല്ലെന്നാണല്ലോ നമ്മുടെ പൊതുവായ ധാരണ. എന്നാല്‍ എല്ലായ്‌പോഴും ഈ മുന്‍ധാരണ അത്രത്തോളം ശരിയായിക്കൊള്ളണമെന്നില്ല. അതുപോലൊരു പ്രശ്‌നവുമായാണ് കഴിഞ്ഞ ദിവസം പന്ത്രണ്ട് വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ കൂടെ ആ രക്ഷിതാക്കളും ഒ. പി യില്‍ വന്നത്. ' ഇവന്‍ അടങ്ങിയിരിക്കുന്നില്ല ഡോക്ടര്‍' എന്നതാണ് ആദ്യത്തെ പരാതി. 'ഒന്നിലും ഒരു ശ്രദ്ധയുമില്ല, പഠനത്തില്‍ വളരെ പിറകിലാണ്, മറ്റുള്ളവര്‍ക്ക് ശല്യക്കാരനാണ്' തുടങ്ങിയ അനുബന്ധ പരാതികള്‍ വേറെയുമുണ്ട്. അത്യാവശ്യം മെഡിക്കല്‍ സയന്‍സുമായി ബന്ധമുള്ള അവരുടെ അടുത്ത സുഹൃത്ത് നിര്‍ദ്ദേശിച്ചതനുസരിച്ചാണ് മടിച്ച് മടിച്ചാണെങ്കിലും എന്റെ അരികിലെത്തിച്ചേര്‍ന്നത്. സംഗതി ചെറിയ ഒരു രോഗാവസ്ഥയാണ്. എ ഡി എച്ച് ഡി (ശ്രദ്ധക്കുറവ്, അമിത ചുറുചുറുക്ക്) ADHD (Attention deficit hyperactivity disorder) എന്നാണ് പൊതുവെ വിശേഷിപ്പിക്കുന്നത്. ശ്രദ്ധക്കുറവ്, അമിത ചുറുചുറുക്ക്, എടുത്ത് ചാട്ടം എന്നിവ തന്നെയാണ് പ്രധാനമായ ലക്ഷണങ്ങള്‍. Minimal Brain Dysfunction (തലച്ചോറിന്റെ നേരിയ പ്രവര്‍ത്തനക്കുറവ്), Hyper Kinetic Syndron (ഹൈപ്പര്‍ കൈനറ്റിക് സിന്‍ഡ്രോം) എന്നീ പേരുകളിലും ഈ അവസ്ഥ അറിയപ്പെടുന്നുണ്ട്. കാരണങ്ങള്‍ തലച്ചോറിന് സംഭവിക്കുന്ന സൂക്ഷ്മമായ എന്നാല്‍ വ്യക്തമല്ലാത്ത ചില തകരാറുകള്‍ മൂലമാണ് ADHD എന്ന അവസ്ഥ സംജാതമാകുന്നത് എന്നാണ് കരുതപ്പെടുന്നത്. തലച്ചോറിലെ കോശങ്ങള്‍ക്ക് പരസ്പരം ആശയവിനിമയം നടത്തണമെങ്കില്‍ ചില രാസപദാര്‍ത്ഥങ്ങള്‍ ആവശ്യമാണ്. ഇവയില്‍ പ്രധാനപ്പെട്ടവയാണ് സോപ്പമിന്‍, നോര്‍എപ്പിനെഫ്രിന്‍, സിറടോണിന്‍ എന്നിവ, ഇവയിലുണ്ടാകുന്ന അസന്തുലിതാവസ്ഥയാണ് ADHD യ്ക്കാ കാരണമാകുന്നത് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രസവ സമയത്ത് സംഭവിക്കുന്ന പരിക്കുകള്‍, ജീവിതത്തിന്റെ ആദ്യകാലത്തെ പോഷകാഹാരക്കുറവ് തുടങ്ങിയ പല കാരണങ്ങളും ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്കുന്നു. ലക്ഷണങ്ങള്‍ നേരത്തെ പറഞ്ഞത് പോലെ തന്നെ ശ്രദ്ധക്കുറവ്, അമിത ചുറുചുറുക്ക്, എടുത്ത് ചാട്ടം എന്നിങ്ങനെയുള്ള മൂന്ന് ലക്ഷണങ്ങളാണ് ഏറ്റവും പ്രധാനം. പ്രായപൂര്‍ത്തിയായവരില്‍ പോലും ഇവ ഒരു പരിധിവരെ കാണപ്പെടാറുണ്ട്. അതിനാല്‍ ആര് മാസത്തില്‍ കൂടുതല്‍ ലക്ഷണങ്ങള്‍ കാണപ്പെട്ടാല്‍ മനോരോഗ വിദഗ്ദ്ധനെ കണ്ട് രോഗനിര്‍ണ്ണയം നടത്തേണ്ടത് ആവശ്യമാണ്. A) ശ്രദ്ധക്കുറവ് : പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും അശ്രദ്ധമൂലമുള്ള തെറ്റുകള്‍ സ്ഥിരമായി വരുത്തുക പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ വരിക, നേരിട്ട് സംസാരിക്കുന്നവരെ കുട്ടി ശ്രദ്ധിക്കാതിരിക്കുക നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുക, കര്‍ത്തവ്യങ്ങള്‍ നിശ്ചിതസമയത്ത് പൂര്‍ത്തീകരിക്കാതിരിക്കുക ഹോം വര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള മാനസിക പരിശ്രമം ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക കളിപ്പാട്ടങ്ങള്‍, സ്‌കൂള്‍ പുസ്തകങ്ങള്‍, പേന, പെന്‍സില്‍ മുതലായവ സ്ഥിരമായി നഷ്ടപ്പെട്ട് പോവുക മറവിയും ഏകാഗ്രത കുറവും പ്രകടമാക്കുക B) അമിത ചുറുചുറുക്ക് : ശാന്തനായിരിക്കാന്‍ പറഞ്ഞാല്‍ വളരെയധികം അസ്വസ്ഥനായി കാണപ്പെടുക ക്ലാസ്സ് മുറികള്‍ പോലുള്ള സ്ഥലങ്ങളില്‍ ദീര്‍ഘനേരം ഇരിക്കാന്‍ സാധിക്കാതെ എഴുന്നേറ്റ് നടക്കുക. കളികള്‍ക്കിടയില്‍ അമിതമായി ഓടുക, ചാടുക, വീട്ടുപകരണങ്ങളിലും ജനവാതിലിലും മാറ്റും കയറുകയും ഇറങ്ങുകയും ചെയ്യുക. ഒഴിവ് സമയങ്ങളില്‍ ശാന്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കാതെ വരിക അമിതമായ സംസാരം C) എടുത്ത്ചാട്ടം : ചോദ്യം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് ചാടിക്കയറി മറുപടി പറയുക തന്റെ ഊഴത്തിനായി കാത്തുനില്‍ക്കുന്നതിനുള്ള ക്ഷണ കാണിക്കാതിരിക്കുക മറ്റുള്ളവരുടെ സംഭാഷണങ്ങളെ തടസ്സപ്പെടുത്തുക ഇതിന് പുറമെ നിരന്തരമായി മാറി വരുന്ന ചിത്രങ്ങള്‍ ശ്രദ്ധ ആവശ്യമില്ലാത്ത ഒന്നായതിനാല്‍ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ടെലിവിഷന്‍ എന്നിവയ്ക്ക് മുന്‍പില്‍ മണിക്കൂറുകളോളം ഇരിക്കുന്നതും ലക്ഷണമാണ്. അദ്ധ്യാപകരും മാതാപിതാക്കളും ഈ അവസ്ഥയുള്ള കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഏറ്റവും വലിയ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുന്നത് അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കുമാണ്. തങ്ങളുടെ മുന്‍പിലിരിക്കുന്ന കുട്ടിയുടെ അവസ്ഥ ADHD ആണെന്ന് തിരിച്ചറിയുകയും അതിനനുസരിച്ച് കുട്ടിയെ കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത് അദ്ധ്യാപകന്റെ ഉത്തരവാദിത്തമാണ്. തങ്ങളുടെ കുഞ്ഞിന് ഈ അവസ്ഥ ഉണ്ട് എന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് മാതാപിതാക്കളുടെ കടമയും കൂടിയാണ്. രോഗനിര്‍ണ്ണയാനന്തരം മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയും പ്രതികരണം നിര്‍ണ്ണായകമാണ്. കുഞ്ഞിന്റെ അവസ്ഥയാണ് എന്ന് ഉള്‍ക്കൊള്ളാതെ അദ്ധ്യാപകരെയും സ്‌കൂളിനേയും കുറ്റപ്പെടുത്തുകയും നിരന്തരമായി കുഞ്ഞിനെ സ്‌കൂള്‍ മാറ്റുകയും ചെയ്യുന്നത് കുട്ടിയുടെ പഠനത്തെ വളരെ ദോഷകരമായി ബാധിക്കും. കുഞ്ഞിന്റെ പരിപാലനത്തിന് ആവശ്യമായ കൗണ്‍സലിംഗുകള്‍ സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണം. ചികിത്സ എത്ര നേരത്തെ അസുഖം കണ്ടുപിടിക്കുന്നുവോ അത്രയും ഫലപ്രദമായി ചികിത്സ നടത്താം എന്നതാണ് യാഥാര്‍ത്ഥ്യം. നേരത്തേ തന്നെ ചികിത്സ ആരംഭിച്ചാല് വലിയ വൈഷമ്യമോ അപമാനമോ ഒന്നുമില്ലാതെ കുഞ്ഞിനെ സമൂഹത്തിന്റെ മുഖ്യധാരയുമായി ഇടപെടുത്താന്‍ സാധിക്കും. മനോരോഗ വിദഗ്ദ്ധനെ സന്ദര്‍ശിക്കുന്നത് കുഞ്ഞ് മാനസിക രോഗിയാണ് എന്ന അപഖ്യാതിക്ക് കാരണമാകും എന്ന ചിന്ത ഉപേക്ഷിക്കണം. ഈ വൈകല്യത്തെ അസുഖമായി പരിഗണിച്ച് ചികിത്സിച്ച് ഭേദമാക്കുക തന്നെ വേണം എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുക. ശ്രദ്ധ കൂട്ടുന്നതിനും ചുറുചുറുക്ക്, എടുത്ത് ചാട്ടം എന്നിവ കുറയ്ക്കുന്നതിനും ഫലപ്രദമായ മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. കൃത്യമായ രീതിയില്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണമുള്ള ഈ മരുന്നുകളുടെ ഉപയോഗത്തിലൂടെ തന്നെ അസുഖത്തെ ഏറെക്കുറെ കീഴടക്കാന്‍ സാധിക്കും. ചിലരില്‍ ഈ അവസ്ഥയോടൊപ്പം വിഷാദം, ഉത്കണ്ഠ എന്നിവയും കാണപ്പെടാറുണ്ട്. അത്തരക്കാരില്‍ അതിനനുസരിച്ചുള്ള മരുന്നുകളാണ് ഉപയോഗിക്കുക. ഈ അവസ്ഥയില്‍ മരുന്നുകള്‍ പരാജയപ്പെടുകയോ, അസുഖത്തിന്റെ കാഠിന്യം വര്‍ദ്ധിക്കുകയോ ചെയ്താല്‍ മാത്രം ആന്റി സൈക്കോട്ടിക് ഇനത്തില്‍ പെട്ട മരുന്നുകളെകുറിച്ച് ആലോചിക്കാവുന്നതാണ്. മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ഏറെക്കുറെ പൂര്‍ണ്ണമായും ഫലപ്രദമാകുമെങ്കിലും കുട്ടിക്ക് കൗണ്‍സലിംഗ്, ബിഹേവിയര്‍ മോഡിഫിക്കേഷന്‍ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി മുതലായവയും ആവശ്യമായി വന്നേക്കാം. അമിത ദേഷ്യം, പഠന വൈകല്യം മുതലായവ ഉണ്ടെങ്കില്‍ അതിനനുസരിച്ചുള്ള ചികിത്സ ആവശ്യമായി വന്നേക്കാം."